Friday, 26 August 2016

മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! അദ്ധ്യായം 06 - 10

മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ മുഖം മാവോയുടേതു പോലെയായി മാറിക്കൊണ്ടിരിക്കുകയാണോ?

പി എസ്സ് രമേഷ് ചന്ദ്ര൯റ്റെ മലയാളം രാഷ്ട്രീയ ലേഖന പരമ്പര അദ്ധ്യായം 06 - 10
മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!

അതേ, കമ്മ്യൂണിസ്റ്റുകളുടെ ജനകീയ ചൈനയെ അധികാരദുരമൂത്ത കോടീശ്വര൯മാരുടെ ഭരണവ്യവസ്ഥയാക്കിയ മാവോതന്നെ.

മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!
പി എസ്സ് രമേഷ് ചന്ദ്ര൯റ്റെ മലയാളം രാഷ്ട്രീയ ലേഖന പരമ്പര.



അദ്ധ്യായം 06
    
മുഖ്യമന്തിയുടെ ഓഫിസ് കവികളെയും കലാകാര൯മാരെയും തത്വച്ചിന്തക൯മാരെയും ദാ൪ശനിക൯മാരെയും ഭരണവിശാരദരെയുംകൊണ്ടു നിറച്ചെന്നുള്ള വാ൪ത്തയാണ് പിന്നീട് കേരളം കേട്ടത്. മുരുക൯ കാട്ടാക്കടയും പ്രഭാ വ൪മ്മയും മധുസൂദന൯ നായരും എന്തുകൊണ്ട് കവികളല്ലെന്നും എന്തുകൊണ്ട് അനില് പനച്ചൂരാ൯ മാത്രമാണ് ഇമ്പമെഴുന്ന യഥാ൪ത്ഥ കവിയെന്നുമുള്ള ഒരു സഹൃദയച൪ച്ചയാണ് ഓ൪മ്മവരുന്നത്- പഴയ മലയാള കവിതാ മാസികയുടെ കെ വി രാമകൃഷ്ണനെപ്പോലുള്ളവ൪ രംഗത്തില്ലാത്തതുകൊണ്ടും മലയാളകവിതാരംഗത്തെ സ്വപ്രഖ്യാപിത വിഗ്രഹങ്ങളെ തച്ചുടക്കേണ്ടെന്നുള്ളതുകൊണ്ടും ഒരിടത്തും പ്രസിദ്ധപ്പെടുത്തപ്പെടേണ്ടതില്ലെന്ന് വിവേകമതികളാല് തീരുമാനമെടുക്കപ്പെട്ടതുമായ ഒരു സ൪ഗഗാത്മകസൗഹൃദച൪ച്ച.

ഭരണവിശാരദരെന്നു പറയാ൯ വളരെക്കാലമായി കേരളത്തില് ആരാണുണ്ടായിരുന്നത്, കാരണം കേരളത്തില് ഭരണരംഗത്തു് വളരെക്കാലമായി കൊള്ളാവുന്ന യാതൊന്നുംതന്നെ നടന്നിട്ടില്ലല്ലോ? ഉദാഹരണത്തിന് ഇവരെല്ലാം ചേ൪ന്ന് ഭരണഭാഷ  മലയാളമാക്കിയ സംഭവം തന്നെയെടുക്കുക. മലയാളത്തോടുള്ള സ്നേഹമല്ല, മറിച്ചു് ക്ലാസ്സിക്ക് ഭാഷാ പദവിക്ക് കേന്ദ്രം നല്കുന്ന അഞ്ഞൂറുകോടിയുടെ ഗ്രാ൯റ്റിനോടുള്ള അത്യാഗ്രഹമാണ് അതി൯റ്റെ പുറകിലുണ്ടായിരുന്നതെന്നു പില്ക്കാല സംഭവങ്ങള് തെളിയിച്ചു. ഓ എ൯ വി ഒരു ലോറി ലോഡ് കടലാസ്സും കൊണ്ട് ഡല്ഹിയില്ച്ചെന്നപ്പോഴാണ് ക്ലാസ്സിക്ക് ഭാഷാ പദവിക്കുള്ള യഥാ൪ത്ഥ ലോക മാനദണ്ഡങ്ങളെന്തൊക്കെയാണെന്നു തമിഴ൯മാ൪ ഇ൯റ്റ൪നെറ്റില് ഇംഗ്‌ളീഷില് ലേഖനമെഴുതി ലോകം മുഴുവനെത്തിച്ചത് കേന്ദ്രം വായിച്ചു കേള്പ്പിച്ചത്. (കൂടുതലറിയാ൯ ഈ ലിങ്ക് വായിക്കുക: (https://sites.google.com/site/keralacommentary/language/malayalam-classical-status-undeserved). മലയാളത്തിന് അ൪ഹതയില്ലാത്ത ക്ലാസ്സിക്ക് ഭാഷാപദവി നല്കുന്നത് അഴിമതിയും രാഷ്ട്രീയപ്രീണനവുമാണെന്നു് അന്നേ ആരോപണമുണ്ടായിരുന്നു. ദരിദ്ര൯റ്റെ മക്കള് ഇംഗ്ളീഷ് പഠിച്ചു് പ്രൊഫഷനണല് വേദികളില് തങ്ങളുടെ മക്കളോട് മത്സരിച്ചുവിജയിച്ച് തങ്ങളുടെ മക്കള്ക്കു തൊഴിലില്ലാതാക്കുന്നതിനെതിരെയുള്ള ഭാവിയെക്കണ്ടുള്ള ദീ൪ഘവീക്ഷണത്തോടെയുള്ള ഒരു ചുവടുവെയ്പായിരുന്നു അതെന്നു് ആ൪ക്കാണിന്നറിഞ്ഞുകൂടാത്തതു്? സ൪ക്കാരുത്തരവുകളും ഫയലുകളും വായിച്ചുപഠിക്കാ൯ കേരളത്തിലിന്ന് മന്ത്രിമാരൊഴിച്ചുള്ള സകലപേ൪ക്കും ഇംഗ്‌ളീഷറിയാം, പിന്നെന്തിനു് ഭരണഭാഷ മലയാളമാക്കി? പിന്നെയുള്ളത് ഈ ഭാഷ അന്യംനിന്നുപോകുമല്ലോ എന്നുള്ള ഭയമാണ്. ഭാഷ അന്യംനിന്നു പോകാതിരിക്കുന്നത് സാഹിത്യത്തിലൂടെയും ജനങ്ങളുടെ സംസാരത്തിലൂടെയുമാണ്. ഇംഗ്‌ളീഷുകയറ്റാത്ത മലയാളം മുഖൃമന്ത്രിമാരും മന്ത്റിമാരും സ്പീക്ക൪മാരും ഗവണ്മെ൯റ്റ് സെക്രട്ടറിമാരും എത്രപേ൪ സംസാരിക്കുന്നുണ്ട്? ഇവ൪ സ്വന്തം നിലയില് എത്ര മലയാളം സാഹിത്യകൃതികള് സൃഷ്‌ടിച്ചിട്ടുണ്ട്? മലയാറ്റൂ൪ രാമകൃഷ്ണനും സി പി നായരുമല്ലാതെ ഈ ഭരണവിശാരദക്കൂട്ടത്തില് വായ്ക്കുരുചിയായിട്ടു് വായിക്കാ൯ കൊള്ളാവുന്ന ഒരു പുസ്തകം ആരാണെഴുതിയിട്ടുള്ളത്?

ഭരണം ഓണ്.ലൈനാക്കിയതി൯റ്റെ പുറകിലും ഇതുപോലുള്ള  ഹീനയുദ്ദേശങ്ങളല്ലേ ഉണ്ടായിരുന്നുള്ളൂ? പണ്ട് സെക്രട്ടേറിയറ്റിലെ ഫയലുകള് ആരും കാണാതെ ബാഗിലും ചോറ്റുപാത്രത്തിലുമാക്കി മോഷ്‌ടിച്ചുകൊണ്ടുപോയി നശിപ്പിക്കാ൯ ഇവ൪ വളരെ കഷ്‌ടപ്പെട്ടിട്ടുണ്ട്. ഇപ്പോള് ഒരു കമ്മാണ്ട് കൊടുത്ത് ഫയലുകള് ഡിലീറ്റു ചെയ്‌താല് മതി. ഒരിക്കലും ലോഡാകാത്ത പേജുകളും കുനുകുനുത്ത സ്വാ൪ത്ഥതയും അല്പത്തരവും നിറഞ്ഞ അക്ഷരങ്ങളും ഒരിക്കലും വ൪ക്കാകാത്ത ലിങ്കുകളും ജാംബവാ൯റ്റെ കാലത്തുള്ള അപ്‌ഡേറ്റുകളുമല്ലാതെ ഇവ൪ നി൪മ്മിച്ചിട്ടുള്ള ഗവണ്മെ൯റ്റ് വെബ്ബ്സൈറ്റുകളില് എന്താണുള്ളത്? മലയാളത്തി൯റ്റെ അഭിമാനങ്ങളായ ചില്ലക്ഷരങ്ങളുടെ ഇ൯റ്റ൪നെറ്റ് ഫോണ്ടുകള് നി൪മ്മിക്കാ൯പോലും ഇത്രയേറെ വ൪ഷങ്ങള് കഴിഞ്ഞിട്ടും ഇവ൪ക്കാ൪ക്കുമായിട്ടില്ലെന്നു പറയുമ്പോള്ത്തന്നെ ഇവരുടെ സാങ്കേതികമായ പാപ്പരത്തം ഊഹിച്ചുകൂടേ? ഡിജിറ്റല് സാങ്കേതികവിദ്യയിലുള്ള ഈ പാപ്പരത്തിനിടയില്നിന്നുകൊണ്ടുതന്നെ സ൪വ്വ സാങ്കേതികവിദ്യകളുടെയും സമന്വയമായ ഈ ഹെല്ത്ത് നടപ്പിലാക്കാ൯ കേരളത്തില് പരമാധികാരമുള്ള ഈ ഉദ്യോഗസ്‌ഥക്കൂട്ടം മുന്നിട്ടിറങ്ങിയത് തങ്ങളുടെ കാലയളവിനുള്ളില്ത്തന്നെ ലോകത്തെ സ൪വ്വ സാങ്കേതികവിദ്യകളും കൈയ്യിലിട്ടമ്മാനമാടുന്ന മെഡിക്കല് ഡേറ്റാ മോഷണ സംഘങ്ങളുണ്ടാക്കുന്ന ബില്യണ് കണക്കിനു് ഡോളറി൯റ്റെ അവകാശംപറ്റാ൯ മാത്രമല്ലേ? ലോകമെങ്ങും കൊടിയ വിമ൪ശ്ശനം നേരിട്ടുകൊണ്ടിരിക്കുന്ന, പൗര൯മാരുടെ ആ൪ക്കുംകിട്ടാത്ത പ്രൈവറ്റ് മെഡിക്കല് വിവരങ്ങള് ഇ൯റ്റ൪നെറ്റിലാക്കിക്കൊടുത്തു് ആ൪ക്കുമെടുത്തുവിറ്റ് പണംകൊയ്യാനവസരവം നല്കുന്ന ഈ മ്ലേച്ഛവും നിന്ദ്യവുമായ സമ്പ്രദായം കേരളത്തില് നടപ്പിലാക്കാ൯ ഏതു ഭരണകൂടമാണ് ഈ ഉദ്യോഗസ്‌ഥവൃന്ദത്തിനനുവാദം നല്കിയത്?

രാജഭരണകാലം മുതലുള്ള കൈക്കൂലിയുടെയും അഴിമതിയുടെയും മനശ്ശാസ്ത്രം മനസ്സിലാക്കാ൯ ആയിരക്കണക്കിനു പേജുകളും ബുക്കുകളും വായിക്കണമെന്നില്ല- കുഞ്ച൯ നമ്പ്യാ൪ വെറും രണ്ടേരണ്ടു വരികളില് അത് രേഖപ്പെടുത്തിവെച്ചിട്ടുണ്ട്: 'തമ്പ്രാനല്പ്പം കട്ടുഭുജിച്ചാല്, അമ്പലവാസികളൊക്കെക്കക്കും.' ഏറ്റവും മുകളിരിക്കുന്നവനാണ് അഴിമതിയുടെ ഏറ്റവുമുത്തരവാദിത്വം. കേരളത്തിലെ ഭരണമേഖലയില് ഉദ്യോഗസ്‌ഥ സിംഹങ്ങളായി പലരും അവതരിപ്പിക്കപ്പെട്ട വേളയില് കേരളത്തിലെ ഭരണ മേഖലയിലെ അഴിമതി ആയിരവും പതിനായിരവുമിരട്ടിയായി വള൪ന്നതാണ് നമ്മള് കണ്ടിട്ടുള്ളത്. വകുപ്പധ്യക്ഷ൯മാ൪ മുതല് ചീഫ് സെക്ട്രട്ടറിമാ൪ വരെയുള്ളവ൪ സാമ്പത്തികക്കുറ്റകൃത്യങ്ങളിലും മറ്റുകുറ്റകൃത്യങ്ങളിലും കുടുങ്ങിക്കിടന്നു് അന്വേഷണങ്ങളെ നേരിടുന്നതാണ് നമ്മള് കണ്ടുവരുന്നത്. പ്യൂണും ക്ലാ൪ക്കും ടൈപ്പിസ്റ്റും സൂപ്രണ്ടുമാണോ ചീഫ് സെക്രട്ടറിമാരും മന്ത്രിമാരുമാണോ ഏറ്റവും കൂടുതല് കേസ്സുകളില്ക്കൂടുങ്ങുന്നതെന്നു് നാം കണ്ടുകൊണ്ടിരിക്കുകയാണ്. കേരളം ഒരു അഴിമതി-കൈക്കൂലി-അക്രമ സംസ്‌ഥാനമായി മാറിയെങ്കില് അതി൯റ്റെ മുഴുവ൯ ഉത്തരവാദിത്വവും ഭരണവിശാരദരെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വിളിക്കുന്ന ഈ ഐ ഏ എസ്സുകാ൪ക്കു മാത്രമാണ്. കാരണം ഈ അഴിമതികള് പൂ൪ണ്ണമായും തടയാ൯ അവസരമുണ്ടായിരുന്നതും കഴിയുമായിരുന്നതും അവ൪ക്കുമാത്രമാണ്. മുസ്സൂറി ഇ൯സ്റ്റിറ്റിയൂട്ടി൯റ്റെ മാനുവലുകളില് മന്ത്രിപറഞ്ഞാലെന്തു തോന്ന്യാസത്തിനും ഉത്തരവിറക്കാമെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്?

പാളയത്തു ബസ്സിറങ്ങി ഇടത്തോട്ട് തിരിഞ്ഞു താഴോട്ടു നടന്നു. നേരെ മുന്നില് സ്റ്റേറ്റ് കമ്മിറ്റിയാഫീസു്. അതാ ഇരിക്കുന്നു സുമുഖ൯, സുന്ദര൯, നേരിയ കഷണ്ടി. പേര് സഖാവ് പി എ൯. 1970 കളിലെ ഒരു മലയാളം നോവല് ആരംഭിക്കുന്നതുതന്നെ ഇങ്ങനെയാണ്. പാ൪ട്ടിയുടെ നേതൃത്വത്തില് ബുദ്ധിജീവി ചമഞ്ഞു് അധികാരത്തി൯റ്റെ താക്കോല് സ്‌ഥാനങ്ങളിലിരിക്കുന്ന ഒരുത്തനെയും ഒരിക്കലും വിശ്വസിച്ചു പോകരുതെന്ന് കേരളത്തിലെ ക്ഷോഭിച്ച യുവജന സമൂഹത്തെപ്പഠിപ്പിച്ച, അടിയന്തരാവയുടെ നാളുകളില് ഇടതുപക്ഷസംഘടനാപ്രവ൪ത്തനത്തി൯റ്റെ പേരില് തിരുവനന്തപുരം അക്കൗണ്ട൯റ്റ് ജനറലാപ്പീസില്നിന്നും പിരിച്ചുവിടപ്പെട്ട ഈ രചയിതാവി൯റ്റെ ആ പുസ്തകം കേരളത്തിലെ ലക്ഷക്കണക്കിന് പാ൪ട്ടിവഞ്ചിത൪ക്കു് അന്ന് ഒരു പാഠപുസ്തകമായിമാറി. അദ്ദേഹം സൂചിപ്പിച്ച ആ കഥാപാത്രമാരാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളത്തില് അല്പം വൃത്തിയും
കമ്മ്യൂണിസ്‌റ്റവബോധവുമുള്ള ചെറുപ്പക്കാ൪ മുഴുവ൯ അധികാരകേന്ദ്രങ്ങളില്നിന്നും ഓടിയാല് മുഴുക്കാത്ത ദൂരങ്ങളിലാണ് നിലക്കുന്നത്- വിവേകപൂ൪വ്വം. ബഹുരാഷ്ട്രക്കുത്തകകളുടെയും അധികാരക്കൊതിയ൯മാരുടെയും അഭീഷ്‌ടങ്ങള് സാധിച്ചെടുക്കുന്നതിനുള്ള ചട്ടുകങ്ങളാകാ൯ അവരെക്കിട്ടില്ല; മനസ്സാക്ഷിയില് ജനവഞ്ചനയുടെ മാലിന്യം പുരട്ടാ൯ അവ൪ തയ്യാറല്ല. അധികാരകേന്ദ്രങ്ങളില് പട്ടിക്കൂടുന്ന കൊതിയ൯മാരെയവ൪ക്കു ചരിത്രപരമായി പുച്ഛമാണ്- ട്രോസ്‌ക്കിയെപ്പോലെ. വിപ്ലവത്തി൯റ്റെ സന്തതികളെ പില്ക്കാലത്ത് വിപ്ലവംതന്നെ കൊല്ലുമെന്ന ചരിത്രപാഠമറിഞ്ഞുകൊണ്ടുതന്നെ അവരിലൂടെ മാ൪ക്സിസ്റ്റു കമ്മ്യൂണിസ്റ്റു പാ൪ട്ടികള്ക്കുള്ളിലെ ഈ നിശ്ശബ്ദവിപ്ലവം തുട൪ന്നുകൊണ്ടിരിക്കുന്നു. (തുടരും)

അദ്ധ്യായം 07
  
മുഖ്യമന്ത്രിയായുള്ള പിണറായി വിജയ൯റ്റെ ആദ്യദിവസം അദ്ദേഹം രാവിലെ ഒമ്പതുമണിക്ക് സെക്രട്ടേറിയറ്റിലെ ത൯റ്റെ ഓഫീസില് എത്തി. കൃത്യം ഒരു മണിക്ക് ഉച്ചഭക്ഷണത്തിനായി വീട്ടിലേയ്ക്കു തിരിച്ചു. വീണ്ടും മൂന്നിന് ആഫീസില് തിരിച്ചെത്തി. വൈകിട്ട് ഏഴുമണിയ്ക്കോ എട്ടുമണിയ്ക്കോ ഓഫീസില്നിന്നും തിരികെ വീട്ടില് പോയിട്ടുണ്ടാവണം. ഇത് മുഖ്യമന്ത്രിയുടെ മാതൃക. കേരളസ൪ക്കാരിലെ ഏതെങ്കിലുമൊരു ഉദ്യോഗസ്‌ഥ൯ ഈ ജീവിതശൈലി പിന്തുട൪ന്നാല് അദ്ദേഹം അയാളെ വെച്ചുകൊണ്ടിരിക്കുമോ? സെക്രട്ടേറിയറ്റിലെയോ അല്ലെങ്കില് വിവിധ ഡിപ്പാ൪ട്ടുമെ൯റ്റുകളുടെ പതിനായിരക്കണക്കിന് ഓഫീസുകളിലെയോ ഉദ്യോഗസ്ഥ൪ ഉച്ചയ്ക്കുണ്ണാ൯ ഒരു മണിയ്ക്ക് പോയിട്ട് മൂന്നുമണിയ്ക്കുമാത്രമേ തിരിച്ചു വരുകയുള്ളുവെങ്കില് ഇദ്ദേഹത്തി൯റ്റെ കൈകൊണ്ടു് അവ൪ക്കു സസ്പെ൯ഷ൯ ഉറപ്പാണ്. രാവിലെ പത്തുമണിയ്ക്ക് മുമ്പ് ആഫീസില്ക്കയറുന്നതും വൈകിട്ട് അഞ്ചു മണിയ്ക്കുശേഷവും ആഫീസില്നിന്നുംപോകാതെ അവിടെത്തന്നെയിരിക്കുന്നതും ഇപ്പോള് മിക്ക ഗവണ്മെ൯റ്റാഫീസുകളിലും ഒരു കുറ്റകൃത്യമാണ്, അത് അഴിമതി നടത്താനാണെന്നാണ് വിവക്ഷ. മുഖ്യമന്ത്രി കാണിച്ചുകൊടുത്ത സമയക്രമത്തിനു ജോലിചെയ്യാമെന്നു തീരുമാനിക്കുന്ന ഉദ്യോഗസ്ഥനെ അദ്ദേഹം സ൪വ്വീസില് നിന്നും പുറത്താക്കുമോ സംരക്ഷിക്കുമോ? അതോ വികസിത രാജ്യങ്ങളിലെപ്പോലെ വളരെ ലൂസ്സായ ഒരു ജോലിസമയം നടപ്പിലാക്കാനുള്ള ധൈര്യമുണ്ടോ? അതോ കറ൯റ്റും വെള്ളവും പെട്രോളും ലാഭിക്കാനായി ചില അതിവികസിത രാജ്യങ്ങളിലെപ്പോലെ ജോലി വീട്ടിലിരുന്നു് ഇ൯റ്റ൪നെറ്റുവഴി ചെയ്താല് മതിയെന്ന് പറയുമോ? ഇത്തരം ഗൗരവമാ൪ന്ന കാര്യങ്ങളില് ഒരു വ്യക്തമായ തീരുമാനമെടുക്കാനുള്ള ആ൪ജ്ജവമില്ലാത്ത ഇത്തരം വ്യക്തികള് ഇത്തരം പ്രഹസനങ്ങള്ക്കുപിമ്പേ പോകുന്നതെന്തിന്, അല്ലെങ്കില് പത്രങ്ങള് അത് കൊട്ടിഘോഷിച്ചു വാ൪ത്തയാക്കുന്നതെന്തിന്?

മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ആദ്യദിനവുമായി ബന്ധ്പ്പെട്ടുകേട്ട മറ്റൊരു വാ൪ത്ത ഡയറക്ടറേറ്റുകളില് നിന്നുംവരുന്ന ഫയലുകള് ആ വ൯ഗുമസ്തപ്പട കാണാതെ നേരിട്ട് വകുപ്പ് സെക്രെട്ടറിക്കു് എത്തിക്കുന്ന ഭരണപരിഷ്ക്കാരം നടപ്പാക്കുന്നത് പരിഗണിക്കാ൯ പോകുന്നുവെന്നാണ്. വകുപ്പ് സെക്രട്ടറിക്കറിയാത്ത എന്ത് നിയമവും ചട്ടവുമാണ് സ്വന്തം പേരുപോലും തെറ്റിക്കാതെ എഴുതാനറിയാത്ത ഈ ഗുമസ്തപ്പടക്കറിയാവുന്നതു്? ഒരുകാലത്തു് സെക്രട്ടേറിയറ്റില് നിന്നുംവരുന്ന കത്തുകളും ഉത്തരവുകളും നോക്കിയാണ് ജനങ്ങള് ഇംഗ്ളീഷ് ഭാഷയിലെ സ്വന്തം ഗ്രാമ്മ൪ ശരിപ്പെടുത്തിയിരുന്നത്. അക്കാലത്തിനുശേഷം പഠനത്തില് മൂന്നാംനിരകളും അക്രമത്തില് ഒന്നാം നിരകളുമായി വള൪ന്നുവന്ന കുറെ മന്ത്രിമാരുടെയും രാഷ്ട്രീയനേതാക്ക൯മാരുടെയും മാനംരക്ഷിക്കാ൯ ഒരു മഹായുദ്ധത്തിനുശേഷം ഉഗ്രമായ നിശ്ചയദാ൪ഢ്യത്തോടെ ഇംഗ്ളീഷിനെ ദൂരെയെറിഞ്ഞു് ഭരണഭാഷയും ഔദ്യോഗികഭാഷയും മലയാളമാക്കിമാറ്റി. ഇന്ന് സെക്രട്ടേറിയറ്റില്നിന്നും പുറത്തേയ്ക്കുവരുന്ന കടലാസുകളിലെ വികൃതമായ ഭാഷ കാണുമ്പോള് മറ്റുജീവനക്കാരെയും മന്ത്രിമാരെയുമപേക്ഷിച്ചു് ഐ ഏ എസ്സുകാരായ വകുപ്പ് സെക്രട്ടറിമാ൪ക്ക് ഒന്നുമില്ലെങ്കിലും അല്പം ഇംഗ്ളീഷെങ്കിലും അറിയാമായിരിക്കേണ്ടതല്ലേയെന്നു് അത്ഭുതപ്പെട്ടുപോകും. അല്ലെങ്കില്ത്തന്നെ സെക്ഷനാഫീസ൪ മുതല് അണ്ട൪ സെക്രട്ടറിയും സ്പെഷ്യല് സെക്രട്ടറിയും വരെയുള്ള ഈ കൃമികടികള് അസംബന്ധംനിറഞ്ഞ നോട്ടുകളും പ്രതികാരവ്യഗ്രതമുറ്റിയ റിമാ൪ക്കുകളുമെഴുതി മനഃപൂ൪വ്വം കാലതാമസങ്ങളുണ്ടാക്കി പണമൂറ്റാ൯ വഴിയുണ്ടാക്കുകയല്ലാതെ മറ്റെന്താണ് അവിടെയിരുന്നു് ചെയ്തുകൊണ്ടിരിക്കുന്നത്? ഫയലുകള് നേരിട്ട് വകുപ്പ് സെക്രട്ടറിമാ൪ കാണട്ടെ; ഈ അഴുകിയ ഗുമസ്തപ്പട അവരെടുക്കുന്ന തീരുമാനങ്ങള് നടപ്പാക്കുന്ന ജോലിമാത്രം ചെയ്താല് മതി. ഇതുവരെയുള്ള അനുഭവങ്ങള് വെച്ച് നോക്കുമ്പോള് ഇവ൪ സ്വയം തീരുമാനങ്ങളെടുക്കാ൯ ഇനിമേല് ഒരിക്കലും അനുവദിക്കരുത്. അപ്പോള് നമ്മള് വിചാരിക്കും ശ്രീ പിണറായി വിജയ൯ ഇതിപ്പോള് ഉട൯ നടപ്പാക്കാ൯ പോവുകയാണെന്ന്! അഴിമതിയുടെ മനഃശാസ്ത്രവും അഴിമതിയുടെയും സ്വജനപക്ഷപാതത്തി൯റ്റെയും മനുഷ്യസേവനവിന്യസനതന്ത്രങ്ങളുമറിയുന്ന ഏതൊരാള്ക്കുമറിയാം ഏതു ഭരണപരിഷ്ക്കാരം നടപ്പിലാക്കിയാലും ശ്രീ പിണറായി വിജയ൯ ഇതുമാത്രം നടപ്പാക്കില്ലെന്നു്. ജനങ്ങളുടെ ദുരിതമകറ്റുകയല്ല, പാ൪ട്ടിയെ വിലകൊടുത്തു് കൈപ്പിടിയിലൊതുക്കി ഹൈജാക്കുചെയ്ത പണക്കാര൯മാ൪ക്കും പാ൪ട്ടിയിലെത്തന്നെ ധനദുരമൂത്തവ൯മാ൪ക്കും ശരിക്കും ഒത്തുപോകുന്ന നൂറുശതമാനം അധഃപതിച്ച ഈ ഉദ്യോഗസ്ഥവ്യവസ്ഥയെ അങ്ങേയറ്റം പ്രയോജനകരമായി നിലനി൪ത്തി ഉപയോഗിക്കുകയാണ് അദ്ദേഹത്തി൯റ്റെ രഹസ്യ അജണ്ടയെന്നു് ഇതിനകം എത്രയോ ദൃഷ്‌ടാന്തങ്ങളിലൂടെ തെളിഞ്ഞുകഴിഞ്ഞു!
 
ഭരണാധിപ൯മാ൪ക്കു് ജനങ്ങളെക്കാള് വിവരമുണ്ടായിരിക്കണം, അല്ലെങ്കിലവ൪ വിവരമുള്ള ജനങ്ങളില്നിന്നും ഉപദേശം സ്വീകരിക്കണം. ഉപദേശങ്ങളും നി൪ദ്ദേശങ്ങളും എവിടെനിന്നു കിട്ടിയാലും സ്വീകരിക്കുമെന്നും പത്രപ്രവ൪ത്തക൪ക്കും നി൪ദ്ദേശങ്ങള് നല്കാമെന്നും പുതിയ മുഖ്യമന്ത്രി ഭരണമേറ്റദിവസം പറഞ്ഞതും, പിന്നീട് പത്രക്കാരുടെ ബുദ്ധിസാമ൪ഥ്യം ഭയന്ന് ആഴ്ചതോറും അവരെക്കാണുന്ന പരിപാടി അവസാനിപ്പിച്ചതും, കുപ്രസിദ്ധമായ കുറേ ഉപദേശിനിയമനങ്ങള് തുരുതുരാ നടത്തിയതും ഇവിടെ വിസ്മരിക്കുന്നില്ല. തെരഞ്ഞെടുപ്പുകഴിഞ്ഞു ഗവണ്മെ൯റ്റുണ്ടാക്കിയപ്പോള് തെരഞ്ഞെടുപ്പിലുപയോഗിച്ച ഫ്ളക്സ് ബോ൪ഡുകളെല്ലാം നീക്കംചെയ്യാ൯ പിണറായി വിജയ൯ ആഹ്വാനം ചെയ്തപ്പോള് അവയെല്ലാം മട്ടുപ്പാവുകളില് ജൈവക്കൃഷി ചെയ്യാനുള്ള ഗ്രോബാഗുകളാക്കി മാറ്റാനുള്ള പണിചെയ്താണ് മലപ്പുറം ജില്ലയിലെ മണ്ണഴിയിലുള്ള ഒരുസംഘം പാ൪ട്ടിയുവാക്കള് പ്രതികരിച്ചത്. ഫ്ളക്സുകളെല്ലാം ഗ്രോബാഗുകളാക്കിമാറ്റാനുള്ള ആശയം ശ്രീ വിജയ൯റ്റെതന്നെ ബുദ്ധിവൈഭവത്തില്നിന്നു വരുമ്പോഴാണ് അദ്ദേഹം ആ യുവാക്കളുടെയും മുഴുവ൯ കേരളത്തി൯റ്റെയും അ൪ഹതയുള്ള ഭരണാധികാരിയായി മാറുന്നത്. ആ അ൪ഹത അദ്ദേഹത്തിനുണ്ടോ? നശിച്ചുപോകുമായിരുന്ന ഒരു വസ്തുവിനെ പ്രയോജനകരമായി ഉപയോഗപ്പെടുത്തി വീണ്ടും വളരെവളരെനാള് സ൪ക്കുലേഷനില് സൂക്ഷിക്കുന്നതാണ് ലക്ഷണമൊത്ത സാമ്പത്തികശാസ്ത്രം. പാളബാഗുകള് നി൪മ്മിച്ച് മാ൪ക്കറ്റിലിറക്കുന്ന വ്യവസായം ആരംഭിക്കുന്നതിനുമുമ്പ് നിലവിലുള്ള പ്ലാസ്റ്റിക്ക് ബാഗുകള് കീറിപ്പോകുന്നതുവരെ ആവ൪ത്തിച്ചാവ൪ത്തിച്ചുപയോഗിച്ചു സാധനങ്ങള് വാങ്ങാ൯ കൊണ്ടുനടക്കുന്നവരെ റോട്ടില് വെച്ചു പിടികൂടി ഫൈനടപ്പിക്കുന്ന ഞരമ്പുരോഗികളായ ഒരുദ്യോഗസ്‌ഥപ്പറ്റത്തെ തെരുവിലഴിച്ചുവിട്ട പിണറായി വിജയന് സാമ്പത്തികശാസ്‌ത്രം മനസ്സിലാവുകയില്ല. അദ്ദേഹം മദാമ്മമാരുടെ പാവാടത്തുമ്പിലൂടിഴഞ്ഞുവരുന്ന പക്കാ കച്ചവടതന്ത്രങ്ങളെ സാമ്പത്തികശാസ്ത്രമെന്നു തെറ്റിദ്ധരിച്ചു് കമ്പോളസംസ്ക്കാരത്തി൯റ്റെ ലക്ഷണംകെട്ട സാമ്പത്തികസൂത്രങ്ങളിലെപ്പോഴോ അടിപതറിവീണുപോയി. ഒരു പക്ഷെ മണ്ണഴിയിലെ യുവാക്കളില്നിന്നു തന്നെയാകേണ്ടിയിരുന്നു കേരളത്തിന് ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ മുഖൃമന്ത്റി കണ്ടെത്തേണ്ടിയിരുന്നത്. പക്ഷെ അതിനദ്ദേഹം അമേരിക്കയിലാണ് തെരഞ്ഞത്. പാ൪ട്ടിക്കുള്ളിലുള്ള ബുദ്ധിജീവികളെയും നൂതനാശയക്കാരെയും തൊഴിലാളിവ൪ഗ്ഗ ചിന്താഗതിക്കാരെയും അദ്ദേഹത്തിനിന്ന് പുശ്ചമാണ്. അതിസമ്പന്ന രാജ്യങ്ങളിലെ അ൪ദ്ധബുദ്ധിജീവികളെയും പിന്തിരിപ്പനാശയക്കാരെയും മുതലാളിവ൪ഗ്ഗ ചിന്താഗതിക്കാരെയുമാണ് അല്പം ഭരണാധികാരം കൈയ്യില്ക്കിട്ടിയപ്പോള് പെട്ടെന്നദ്ദേഹം പരിണയിച്ചത്! സ്വന്തം മക്കളുടെ മുഖത്തുനോക്കിയിരിക്കുന്നതിനേക്കാള്ക്കൂടുതല് സമയം കലണ്ടറിലെ മദാമ്മയുടെ മുഖത്തുനോക്കിയിരുന്നാല് ആ൪ക്കും സംഭവിക്കാവുന്ന പതനം!   കമ്മ്യൂണിസത്തി൯റ്റെ പക്ഷത്തുനിന്നുനോക്കുമ്പോള് ഇത്രയും പിന്തിരിപ്പനും റിവിഷനിസ്റ്റും അപകടകാരിയുമായ ഒരു ഭരണാധികാരി കമ്മ്യൂണിസ്റ്റു പാ൪ട്ടിയില് നിന്നും കേരളത്തില് ഇതിനുമുമ്പുണ്ടായിട്ടുണ്ടോ - ഈ എം എസ്സ്? അച്യുതമേനോ൯? നായനാ൪? പി കെ വി? അച്യുതാനന്ദ൯? 

കേരളത്തിലെ ധനമന്ത്രി തോമസ് ഐസക്കിനെ സോമാലിയയിലെ ധനമന്ത്രിയെന്നു കേന്ദ്ര കോണ്ഗ്രസ്സ് നേതാവ് ജയ്റാം രമേശ് അഭിസംബോധന ചെയ്തു. കാലിയായ ഭണ്ഢാരമുള്ള സോമാലിയപോലുള്ള ഒരു രാജ്യത്തെ ധനമന്ത്രിയെന്നാണോ ഭണ്ഢാരം കാലിയാക്കി കേരളത്തെ സോമാലിയപോലാക്കാ൯പോകുന്ന ധനമന്ത്രിയെന്നാണോ അദ്ദേഹം തോമസ് ഐസക്കിനെ വിവക്ഷിച്ചതെന്നു വ്യക്തമാക്കിയില്ല. ആറുലക്ഷത്തി മുപ്പത്തേഴായിരം ചതുരശ്ര കിലോമീറ്റ൪ വിസ്തീ൪ണ്ണവും ഒരുകോടി ജനസംഖ്യയുമുള്ള ഒരു ആഫ്രിക്ക൯ രാഷ്ട്രമാണ് സോമാലിയ. മുപ്പതിനായിരം ചതുരശ്ര കിലോമീറ്റ൪ വിസ്തീ൪ണ്ണവും മൂന്നുകോടി മുപ്പത്തിമൂന്നു ലക്ഷം ജനസംഖ്യയുമുള്ള ഒരു ഇന്ത്യ൯ സംസ്ഥാനമാണ് കേരളം. അതായത് കേരളത്തി൯റ്റെ ഇരുപതിരട്ടി വിസ്തീ൪ണ്ണമുള്ള സോമാലിയാ രാജ്യത്തു് കേരളത്തിലുള്ളതി൯റ്റെ മൂന്നിലൊന്നു ജനങ്ങളേയുള്ളു. കേരളത്തി൯റ്റെ വാ൪ഷിക ബഡ്ജറ്റ് നാല്പ്പതിനായിരം കോടി രൂപയുടേത്, അതായത് എഴുന്നൂറ് കോടി ഡോളറി൯റ്റേത്. സോമാലിയയുടെ വാ൪ഷിക ബഡ്ജറ്റ് ഇരുന്നൂറ്റിപ്പതിനെട്ടു കോടി ഡോളറി൯റ്റേത്. കണക്കുനോക്കുമ്പോള് കേരളത്തി൯റ്റെ മൂന്നിലൊന്നു ജനങ്ങളുള്ള സോമാലിയയുടെ കേരളത്തി൯റ്റെ മൂന്നിലൊന്നുവരുന്ന ബഡ്ജറ്റില് അസ്വാഭാവികതയോ കേരളത്തെയപേക്ഷിച്ചു് ദാരിദ്ര്യസൂചനയോ ഇല്ല.  ദശാബ്ദങ്ങളായി നീളുന്ന ആഭ്യന്തരയുദ്ധം മണ്ണില് കൃഷിചെയ്യാനുള്ള സാവകാശം നഷ്‌ടപ്പെടുത്തിയതിനാല് സോമാലിയ കൊടുംപട്ടിണിയിലായി പരാജിതരാഷ്ട്രമെന്ന് വിധിയെഴുതപ്പെട്ടു. ദരിദ്ര൪ മരണശയ്യയിലും സമ്പന്ന൪ ആ൪ഭാടജീവിതശൈലിയിലും- അതാണിന്നു സോമാലിയ. ആരോഗ്യവും കഴിവും അവസരവുമുള്ളവ൪ മുഴുവ൯ പലായനം ചെയ്തു. ട്രഷറികുളംതോണ്ടികളും കൈയ്യിട്ടുവാരികളും ഭരണം നടത്തിയാലും ആരോഗ്യവും കഴിവുമുള്ളവ൪ മുഴുവ൯ നാടുവിട്ടാലും കേരളത്തിനും സോമാലിയയുടെ ഗതി എപ്പോള് വേണമെങ്കിലും വരാവുന്നതേയുള്ളൂ.

ഇടതുപക്ഷ ഗവണ്മെ൯റ്റി൯റ്റെ ഭരണാരോഹണബഹളങ്ങള്ക്കിടയില് കേരളത്തിനു് ആയിരംകോടി രൂപയുടെ പ്ലാസ്റ്റിക്ക് പാ൪ക്കും ഐ ഐ റ്റിയ്ക്കു തുല്യമായി രാസവളംവകുപ്പിന് കീഴില് കേന്ദ്ര എ൯ജിനീയറിങ് ടെക്ക്നോളജി ഇ൯സ്റ്റിറ്റിയൂട്ടും ഫാ൪മ പാ൪ക്ക്, പ്ലാസ്റ്റിക്ക് വേയ്സ്റ്റ് മാനേജ്മെ൯റ്റ് സെ൯റ്റ൪ എന്നിവയും അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അനന്തകുമാ൪ മേയ് 27ന് തിരുവനന്തപുരത്തുചെന്നു പ്രസംഗിച്ചു. എന്താണ് ഇതിനുള്ള രാഷ്ട്രീയ കണ്ടീഷനുകളെന്നും ആരാണദ്ദേഹത്തെ മൂവ്‌ചെയ്യിച്ചതെന്നും പക്ഷെ അദ്ദേഹം പരസൃമാക്കിയില്ല. അതായത്, ഭരണകൂടമുണ്ടാക്കാ൯ പണംമുടക്കിയവ൪ പേടിക്കേണ്ട, ബിസിനസ്സ് പുറകേ വരുന്നുണ്ടെന്ന്! അമേരിക്ക൯ പാ൪ലമെ൯റ്റിലെ മെമ്പറും കണ്സ൪വേറ്റീവ് പാ൪ട്ടിയുടെ ഡെപ്പ്യൂട്ടി ചെയ൪മാനുമായിരുന്ന ജെഫ്‌റി ആ൪ച്ചറുടെ മുന്നൂറ്റിമുപ്പതു ദശലക്ഷം വിറ്റ ഹയ൪ ബിസിനസ്സ്, പൊളിറ്റിക്കല് അഡ്മിനിസിട്രേഷ൯ നോവലുകളില് നമ്മള് ഇത്തരം പൊളിറ്റിക്കല് ബിസിനസ്സ് ഗിമ്മിക്കുകള് എത്രയോവട്ടം വായിച്ചുകഴിഞ്ഞതാണ്!

മുഖ്യമന്ത്രിയുടെ തുടക്കം കൊള്ളാമെന്നു പറഞ്ഞുകൊണ്ട് എസ് എ൯ ഡി പി യോഗം ജനറല് സെക്രെട്ടറി വെള്ളാപ്പള്ളി നടേശ൯ രംഗത്തെത്തി. നടേശ൯ മാത്രമല്ല സാഹിത്യകാര൯മാരും പള്ളീലച്ച൯മാരും കച്ചവടക്കാരും വ്യവസായികളും എന്നിങ്ങനെ മാ൪ക്സിസ്റ്റുപാ൪ട്ടി പണ്ടേ നോട്ടമിട്ടിരുന്ന ഏതാണ്ടെല്ലാ പിന്തിരിപ്പ൯മാരും വിജയനഭിവാദ്യവുമ൪പ്പിച്ചുകൊണ്ടു മുന്നോട്ടുവന്നു. ഇതുപോലുള്ള ഓന്തുകളെല്ലാം ഇനിമുതല് മാളത്തില്നിന്നു പുറത്തുവന്നു ഭരണത്തില് നേരിട്ട് പങ്കെടുക്കുകയും സജീവമായി ഇടപെടുകയും   ഭരണകൂടത്തില് നിന്നുമുള്ള ആനുകൂല്യങ്ങള് മുഴുവ൯ ഒന്നൊന്നായി തട്ടിയെടുത്തുകൊണ്ടു പോകുകയും ചെയ്യുമെന്നുള്ളത് ഉറപ്പായി. (തുടരും)

അദ്ധ്യായം 08

സംസ്ഥാനത്തി൯റ്റെ സാമ്പത്തിക സ്ഥിതിയെസ്സംബന്ധിച്ചു് ധനകാര്യമന്ത്രി തോമസ് ഐസക്ക് മേയ് 26 നു പറഞ്ഞത് 'ട്രഷറിയില് 700 കോടി രൂപയേ ഉള്ളൂ, 6000 കോടി പക്ഷേ കൊടുത്തു തീ൪ക്കാനുമുണ്ട്, അടുത്ത മൂന്നുവ൪ഷം കടംവാങ്ങി മാത്രമേ ഈ ഗവണ്മെ൯റ്റിനു നിലനില്ക്കാ൯ കഴിയുകയുള്ളൂ' എന്നാണു്. തൊട്ടു പുറകെ, അതായത് മേയ് 28 നു് മുഖ്യമന്ത്രി പിണറായി വിജയ൯ പ്രധാന മന്ത്രിയെക്കാണാ൯ ഡല്ഹിക്കുപോയി. മേയ് 28 നു് ന്യൂ ഡല്ഹിയില് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയ൯ നടത്തിയ ച൪ച്ചയില് റബ്ബ൪, മത്സ്യബന്ധനം, ആയു൪വ്വേദം, ആണവ വൈദ്യുതി, തീവണ്ടി ഗതാഗതം എന്നീ മേഖലകളില് വമ്പിച്ച സഹായം കേരളത്തിന് വാഗ്ദാനം ചെയ്യപ്പെട്ടുവെന്നു പറയുന്നു. 'ഇത് നിങ്ങളുടെ വീടായിക്കരുതൂ' എന്നുപോലും പ്രധാനമന്ത്രി പറഞ്ഞത്രേ. പക്ഷെ ശരിയായ കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രിയാണ് പറഞ്ഞത്- കേരളത്തില് ബി ജെ പി പ്രവ൪ത്തകരെ കൊല്ലുന്നത് ഉട൯ നി൪ത്തിക്കൊള്ളണമെന്നു്. ഫെഡറല് സംവിധാനം നിലനില്ക്കുന്ന ഇന്ത്യയില് ജനസംഖ്യാനുപാതികമായി എല്ലാ സംസ്ഥാനങ്ങള്ക്കുമുള്ള വിഹിതം കേന്ദ്ര ബഡ്ജറ്റില് ഉള്പ്പെടുത്തിയിട്ടുണ്ട്, അത് കൊടുക്കുന്നുമുണ്ട്. അതില്പ്പരാതിയുണ്ടെങ്കില് അത് ബോധിപ്പിക്കാ൯ ബഡ്ജറ്ററി ഗ്രാ൯റ്റ്സ് കമ്മീഷനുമുണ്ട്. അതിനു പുറമെ പ്രത്യേകമായി ഒരു സംസ്ഥാനത്തിന് വല്ലതും ചില്ലറ വേണ്ടിവരുമ്പോഴാണ് ഡല്ഹിക്കു പോകുന്നതും പ്രധാനമന്ത്രിയുടെ പ്രത്യേക ദയവിന് കാത്തുകെട്ടിക്കിടക്കുന്നതും. അങ്ങനെയുള്ള ഓരോ ദയാവായ്പ്പിനും രാഷ്ട്രീയത്തില് അതാതിനുള്ള ഓരോ കണ്ടീഷനുകളും കാണും. ചിലപ്പോളത് പുറത്തു വരും, ചിലപ്പോഴവ ഐ ഏ എസ്സുകാ൪ ആത്മകഥയെഴുതുമ്പോള് മാത്രമേ പുറത്തു വരൂ. മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയില് വാഗ്ദാനം ചെയ്യപ്പെട്ട സമ്മാനപ്പെരുമഴയ്ക്കു് ഒരു കണ്ടീഷനായി കേന്ദ്രത്തിനു ഹിതകാരിയായ ഒരാളെ കേരളത്തിലെ മുഖ്യമന്ത്രിയുടെ പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവായി വെയ്ക്കണമെന്ന നിബന്ധനയുണ്ടായിരുന്നതായി സംശയിക്കാ൯ മതിയായ സംഭവങ്ങള് പിന്നീട് വഴിയേ നടന്നു. മാ൪ക്സിസ്റ് പാ൪ട്ടിയുടെ സാമ്പത്തിക സിദ്ധാന്തങ്ങളെന്തൊക്കെത്തന്നെയായിരുന്നാലും കേന്ദ്രത്തി൯റ്റെ പ്രത്യേക പൈസ വേണമെങ്കില് കേന്ദ്രത്തി൯റ്റെ സാമ്പത്തിക നയങ്ങളെപ്പിന്തുടരുന്ന ഒരു ലെയ്‌സോണ് പട്ടധാരി കേരളത്തിലുണ്ടായിരിക്കണം. അത് ന്യായം- ഐ എം എഫ്ഫു മുതല് ഐ ഡി ബി ഐ വരെ ഏതു ധനദാതാവും പിന്തുടരുന്ന സ൪വ്വസാധാരണമായ പോളിസി.

കേരളത്തിലെ മാ൪ക്സിസ്റ്റ് ഗവണ്മെ൯റ്റുകള് സാമ്പത്തിക പ്രതിസന്ധികളിലകപ്പെട്ടിട്ടുള്ളപ്പോഴൊക്കെ ശതകോടിക്കണക്കിനു രൂപാ കടം കൊടുത്തു സഹായിച്ചിട്ടുള്ള രണ്ടു് തൊഴിലാളിവ൪ഗ്ഗസംഘടനകളെ ഇവ൪ മറന്നു- ദിനേശ് ബീഡി സഹകരണ സംഘവും ചെത്ത് തൊഴിലാളി സംഘടനയും. രണ്ടി൯റ്റെയും പണം കൈപ്പറ്റി ഭരണപ്രതിസന്ധികളില് നിന്നും പലപ്രാവശ്യം രക്ഷപ്പെട്ടിട്ടുള്ള ഈ സഖാക്കള് ഈ രണ്ടു സംഘടനകളും സാമ്പത്തിക പ്രതിസന്ധികളിലായപ്പോള് നി൪ലജ്ജം നോക്കിക്കൊണ്ടുനിന്നു. എന്നല്ല, ഇവരുടെ കൈയ്യിട്ടുവാരലാണ് ഒര൪ത്ഥത്തില് അവയെ പ്രതിസന്ധിയിലാക്കിയത്. ദിനേശ് ബീഡി മാത്രമേ വലിക്കൂവെന്നു ദൃഢംപിടിച്ചിരുന്ന നായനാ൪ മുഖ്യമന്ത്രിയായപ്പോള് അവരുടെ പൈസവാങ്ങി പ്രതിസന്ധികള് മറികടന്നു. എന്നാല് വ്യാജ ദിനേശ് ബീഡിപ്പ്രളയത്തില് മുങ്ങിപ്പോയ ആ ഒറിജിനല്ക്കമ്പനിയെ ഭരണാധികാരമുപയോഗിച്ചു് വ്യാജബീഡിപിടിച്ചു രക്ഷപ്പെടുത്താ൯ യാതൊന്നും നായനാ൪ ചെയ്തില്ല. തെങ്ങുനിറഞ്ഞ കേരളനാട്ടില് ചെത്തുതൊഴില് തക൪ന്നപ്പോള് ഈ മാ൪ക്സിസ്റ്റു ഭരണാധികാരികള് അവരുടെ പണം വാങ്ങി പുട്ടടിച്ചിട്ടു് വിദേശമദ്യവ്യവസായികളെ സഹായിക്കുകയായിരുന്നു. നന്ദികേടിനും വേണ്ടേ ഒരതിരെല്ലാം?

കേരളത്തിലെ ഭക്ഷ്യ പൊതുമേഖലയെ ശക്തമാക്കാനാണ് കണ്സ്യുമ൪ ഫെഡ് എന്ന സ്ഥാപനം സ൪ക്കാ൪ തുടങ്ങിയത്. 1100 കോടി രൂപയുടെ ബാദ്ധ്യതയോടെ അഴിമതിക്കും വെട്ടിപ്പിനും കുപ്രസിദ്ധി നേടിയ സ്ഥാപനത്തില് അഞ്ചു വ൪ഷം കൊണ്ട് അമ്പത് കോടിയുടെ അഴിമതി, ഒറ്റ വ൪ഷം കൊണ്ട് മൂന്നു കോടി രൂപയുടെ ചായകുടി, 90 കോടിയുടെ അഴിമതി അന്വേഷണം അട്ടിമറിച്ചു, മന്ത്രി 5 കോടി മദ്യക്കമ്മീഷ൯ വാങ്ങിച്ചെന്നതി൯റ്റെ അന്വേഷണം, മദ്യവില്പനയിലെ ലാഭവീതത്തില് 30 കോടിയുടെ ക്രമക്കേട്, ഉദ്യോഗസ്ഥ൯മാരും മേലധികാരികളും ആഡംബര ഹോട്ടലുകളില് താമസിച്ചു് 10 കോടിയുടെ ധൂ൪ത്ത് എന്നിങ്ങനെ വൃത്തികെട്ട നിരവധി വാ൪ത്തകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരുന്നത്. പത്രം വായിക്കുന്ന ഏതൊരുവനും സ്ഥാപനത്തെ പ്രത്യേകം നോട്ടമിട്ടിട്ടുണ്ട്. നേരസ്ഥനായ ഏതൊരു സംസ്ഥാനമന്ത്രിയും 'ഇതൊന്നു 'ശരിപ്പെടുത്തിയിട്ടു'തന്നെ മേല്ക്കാര്യം' എന്നേ ചിന്തിക്കൂ. അപ്പോളാണ് നമ്മള് കേള്ക്കുന്നു മൊത്തം അഴിമതികളുടെ നാറ്റത്തില് മുങ്ങിക്കുളിച്ചു സസ്പെ൯ഷനിലായി നില്ക്കുന്ന അതിലെ സി ടി യു ജനറല് സെക്രട്ടറിയെ മന്ത്രി സി മൊയ്തീ൯റ്റെ വകുപ്പ് തിരിച്ചെടുത്തുകൊണ്ട് ഉത്തരവിറക്കിയെന്നു്. ഉത്തരവ് ഭവിഷ്യത്തറിഞ്ഞു് റദ്ദുചെയ്തെങ്കിലും അഴിമതിയുടെയും കൈക്കൂലിയുടെയും ചേറ്റില്പ്പുതഞ്ഞു കിടക്കുന്ന ഭരണ സി ടി യുവിനും എ൯ ജി യൂണിയനും അഴിഞ്ഞാടാനാണോടോ ക൪ഷകത്തൊഴിലാളിയും ചുമട്ടുതൊഴിലാളിയും ഡി വൈ എഫ് ഐയും വോട്ടു ചെയ്തു ഗവണ്മെ൯റ്റിനെയുണ്ടാക്കിയത്? പുറത്തു വെളിച്ചത്തുവരാത്ത എത്രയായിരം ഇത്തരം ഉത്തരവുകള് തൊഴിലാളിവ൪ഗ്ഗ ഭരണത്തി൯റ്റെ മറവില് ഉദ്യോഗസ് അഴിമതി രാജാക്ക൯മാ൪ ഒന്നര മാസത്തിനകം ഇതിനകം ഇറക്കിക്കഴിഞ്ഞിട്ടുണ്ടാകണം? അപ്പോള് ഇതൊരു സൂചനയാണ്. സാമൂഹ്യജാഗ്രതയില്ലാത്തവരെയാണ് ശ്രീ പിണറായി വിജയ൯ പല മന്ത്രിസ്ഥാനങ്ങളിലും നിയമിച്ചിരിക്കുന്നത്. അല്ലെങ്കില് അവരെല്ലാം കേരത്തിലെ മന്ത്രിമാരായിരിക്കാ൯ യാതൊരു യോഗ്യതയുമില്ലാത്തവണ്ണം സ്വപ്നലോകങ്ങളില് ജീവിക്കുന്നവരാണ്.

ഭരണത്തില്ക്കയറിയിരിക്കുമ്പം മന്ത്രിക്കസ്സേരയുടെയടിയില്നിന്നും തീകയറുമ്പോഴാണ് കമ്മ്യൂണിസ്റ്റ് പാ൪ട്ടി നേതാക്ക൯മാ൪ക്ക് സ്ഥലജലവിഭ്രാന്തിമാറി താനിപ്പോഴെവിടെയാണെന്ന തിരിച്ചറിവുണ്ടാകുന്നത്. ആഗോളഭീമ൯മാരും ബഹുരാഷ്ട്രക്കുത്തകകളുമായ വാള്മാ൪ട്ടി൯റ്റെയും കൊക്കൊക്കോളയുടെയും യൂണിയ൯ കാ൪ബൈഡി൯റ്റെയും മക്ഡൊണാള്ഡ്സി൯റ്റെയും  റിലയ൯സി൯റ്റെയും  കടന്നുവരവിനും ആധിപത്യത്തിനുമെതിരെ പ്രസംഗിച്ചും സമരങ്ങളിളക്കിവിട്ടും അക്രമം നടത്തിച്ചും നേതാക്കളായി വള൪ന്നവ൪ വ്യവസായമന്ത്രിമാരാകുമ്പോള് ഏതു ബഹുരാഷ്ട്രക്കുത്തകയ്ക്കും കേരളത്തിലേയ്ക്കു ധൈര്യമായി കടന്നുവരാമെന്നു് സ്വാഗതം ചെയ്യും. റിലയ൯സ് ഫ്രെഷി൯റ്റെ ബോ൪ഡുകള് പാ൪ട്ടിയിലെ യുവജനങ്ങള് ഇവരുടെ ആഹ്വാനം കേട്ട് എറിഞ്ഞു തക൪ത്തതി൯റ്റെ കേസ്സുകള് കേരളത്തിലെ കോടതികളില് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് സഖാവ് പി ജയരാജ൯ എഴുന്നേറ്റുനിന്നു പ്രസംഗിക്കുന്നത്, ഏതുബഹുരാഷ്ട്രക്കമ്പനിക്കും കടന്നുവരാം, പക്ഷെ അഴിമതി മാത്രം പറ്റില്ലെന്നു്. കൈക്കൂലിക്കുമാത്രമായി പത്തും പതിനൊന്നും അക്കങ്ങളുള്ള അതിഭീമ൯ തുകകളാണ് പല പല ഓമനപ്പേരുകളിലായി ഇപ്പറഞ്ഞ കമ്പനികള് അവരുടെ വാ൪ഷിക ബഡ്ജറ്റുകളില് മാറ്റിവെച്ചിട്ടുള്ളതെന്നു് സഖാവിനറിയാതെയാണോ? അതോ, അത് കണ്ടിട്ടുതന്നെയാണോ അവരെ ഇങ്ങോട്ടു ക്ഷണിച്ചിരിക്കുന്നത്? ഇത്രയുമൊന്നും വലുതല്ലെങ്കിലും തീരെ മോശമല്ലാത്ത എസ് എ൯ സി ലാവ്ലി൯ എന്ന കമ്പനിയുടെ ബഡ്ജറ്റിലെ പാരിതോഷിക സബ് ഹെഡ്ഢിലെ ഏതാനും കുറച്ചു തുകമാത്രം കേരളത്തിലിറക്കിയപ്പോളുണ്ടായ കോളിളക്കം ഇപ്പോഴങ്ങോട്ട് ഒന്നടങ്ങിയതല്ലേയുള്ളു സഖാവേ? (തുടരും)

അദ്ധ്യായം 09

എണ്പത്തൊമ്പതു സ്ഥാനാ൪ത്ഥികളെയാണ് 2016 ലെ അസ്സംബ്ലി തെരഞ്ഞെടുപ്പില് സി പി എം മത്സരിപ്പിച്ചത്. തെരഞ്ഞെടുപ്പുപ്രചാരണത്തി൯റ്റെ കൊഴുപ്പുകണ്ട പരിചയസമ്പന്ന൪ക്കറിയാം കുറഞ്ഞത് മുപ്പതുകോടി രൂപയെങ്കിലും ഓരോ മണ്ഡലത്തിലും മാ൪ക്സിസ്റ്റു പാ൪ട്ടിയ്ക്കു മാത്രം ചെലവായിട്ടുണ്ടാകണമെന്നു്. മുപ്പതുകോടി രൂപയെന്നു പറയുമ്പോള് ആരും ഞെട്ടേണ്ടതില്ല. അത് വെറും ആറു തവണയായി അഞ്ചുകോടി രൂപവീതം ചെലവഴിക്കുന്നതേയുള്ളൂ. അഞ്ചുകോടിയെന്നു പറയുമ്പോള് അതുവെറും അഞ്ച് അടുക്കുകളിലായി നൂറുലക്ഷംരൂപാവീതം എടുത്തുവെയ്ക്കുന്നതുമാത്രം. നൂറുലക്ഷം രൂപായെന്നുപറഞ്ഞാല് പത്തുലക്ഷം രൂപയുടെ കെട്ടുകള് വെറും പത്തുപ്രാവശ്യം എടുത്തുവെയ്ക്കുന്നതു മാത്രം. പത്തുലക്ഷം രൂപയ്ക്ക൪ത്ഥം നൂറ് പതിനായിരംരൂപാക്കെട്ടുകളെന്നാണ്. പതിനായിരം രൂപയെപ്പരിചയമുണ്ടല്ലോ? - അതുകൊടുത്താലിന്ന് എടുത്തുപറയത്തക്കതായി യാതൊന്നും വാങ്ങിക്കാ൯ പറ്റില്ല; വില്ലേജാഫിസിലെ പ്യൂണിനുപോലും അതിനും മേലെയുണ്ട് കൈക്കൂലി.

ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കാ൯ പോലും ഇരുപതുരൂപാ ചെലവാകുന്നിടത്തു് ഒരു തെരഞ്ഞെടുപ്പുകഴിയുമോള് എത്ര ലക്ഷം ഗ്ളാസ് നാരങ്ങാവെള്ളംതന്നെ കുടിച്ചുതീ൪ത്തിട്ടുണ്ടാവണമെന്നു് ഒന്ന് ഊഹിച്ചുകൂടേ? അതിനുതന്നെ ചെലവായിക്കാണണം നൂറുലക്ഷം രൂപ, അതായത് ഒരു കോടി രൂപ. പിന്നെ ചായ, മുറുക്കാ൯, ചാരായം, പരിപ്പുവട, കാറുവാടക മുതലങ്ങനെ ഒരു നൂറുകൂട്ടം സാധാരണ ദൈനംദിന ചെലവുകളുണ്ട്. ഇതെല്ലാം ചെലവാക്കു ന്നിടത്തു് പൈസ ഒടുവില് ആരുതരുമെന്നാണ് എല്ലാവരും പറയുന്നതെന്ന് അറിയാമല്ലോ?. അതോ ഇതിനെല്ലാം പൈസ സ്വന്തം പോക്കറ്റില് നിന്ന് കണ്ടെത്തിയിട്ടു് ബസ്സില്ക്കയറിയും സൈക്കിള് ചവിട്ടിയും ഇന്നത്തെക്കാലത്തു് തെരഞ്ഞെടുപ്പുജോലിയ്ക്കാളുവരുമെന്നു് ആരെങ്കിലും കരുതുന്നുണ്ടോ? പണ്ടങ്ങനെത്തന്നെയായിരുന്നു പാ൪ട്ടിയില്. പക്ഷെ അത് സഖാവ് പി കൃഷ്ണപിള്ളയെ പാമ്പുകടിക്കുന്നതിനുമുമ്പ്. അന്ന് സഖാക്കള് ഭരണവ൪ഗ്ഗ ഗുണ്ടകളെയും പോലീസിനെയും പേടിച്ചു് കാട്ടിലൂടെയും വയല്.വരമ്പിലൂടെയും രാത്രിമാത്രം സഞ്ചരിച്ചിരുന്ന കാലത്ത് അവരെപ്പാമ്പുകടിച്ചിരുന്നു. ഇപ്പോള് സ്വയം ഗുണ്ടകളായും ഭരണവ൪ഗ്ഗമായും മാറി കാറില്മാത്രം സഞ്ചരിക്കുന്ന ഇവ൯മാരെ
പാമ്പുകടിക്കുന്നതെങ്ങനെ? നേതൃത്വത്തില് വന്ന വലിയമാറ്റം, ഭീമമായ വ്യത്യാസം, പ്രവ൪ത്തക൯മാ൪ മനസ്സിലാക്കിയതില്പ്പിന്നെ ഏതു നല്ല സഖാവും ചെയ്യേണ്ടതുപോലെത്തന്നെ ഈ പുത്ത൯ചൂഷകവ൪ഗ്ഗത്തിനു് സൗജന്യമായി യാതൊന്നുംതന്നെ ചെയ്തുകൊടുക്കാ൯ അഭിമാനികളായ പാ൪ട്ടിസഖാക്കള് തയ്യാറാകുന്നില്ല. അപ്പോള് ഒരു മണ്ഡലത്തിലിവ൪ ചെലവാക്കിയിട്ടുണ്ടാവുമെന്നു നമ്മള് പരുക്കനായിക്കണക്ക് കൂട്ടിയതില് നിന്നും അഞ്ചുകോടിരൂപാ പ്രാഥമികച്ചെലവുകള്ക്കായിത്തന്നെ തീ൪ന്നുകഴിഞ്ഞു. പിന്നെ ബാന൪, കൊടി, പോസ്റ്റ൪, ബോ൪ഡ്, നോട്ടീസു്, സ്ലിപ്പ്, തോരണം, പ്രചരണമാസിക, പ്രചരണപ്പത്രം, എന്നിവ ആഴ്ചതോറും ഡീലക്സ് പ്രി൯റ്റിങ്ങില് പുതിയവപുതിയവ വരുന്നു, ഒട്ടുന്നു, തൂങ്ങുന്നു, ഉയരുന്നു, വീടുകള്തോറും വിതരണം ചെയ്യപ്പെടുന്നു. ഇതൊക്കെ പണച്ചെലവില്ലാതെ ഭൂമിയില്.നിന്നും സ്വയം ഉയ൪ന്നുപൊങ്ങിവരുന്നുവെന്നാണോ സഖാക്കള് കരുതിയത്? അവയ്ക്കുതന്നെ അഞ്ചും അതില്ക്കൂടുതലും കോടിയില്ക്കുറയാതെ ചെലവായിക്കാണണം.

മറ്റൊരു കനത്ത ചെലവ് തെരഞ്ഞെടുപ്പുകമ്മിറ്റിയാഫിസുകളാണ്- അവയുടെ നി൪മ്മാണം അല്ലെങ്കില് വാടകയ്ക്കെടുക്കലും, സജ്ജീകരിക്കലും അലങ്കരിക്കലും. അതായത് തെരഞ്ഞെടുപ്പിലൊന്ന് മാന്യമായി മത്സരിക്കണമെങ്കില്പ്പോലും പതിനഞ്ചുകോടിയോളം ചെലവുചെയ്യേണ്ടിവരും. ജയിച്ചുവരണമെങ്കിലോ മുപ്പതു മുതല് അമ്പതുകോടിവരെയാകും. തെരഞ്ഞെടുപ്പുകമ്മീഷനെപ്പറ്റിച്ച ആ കണക്കുകളെക്കുറിച്ചല്ലിവിടെപ്പറയുന്നതു്, രാഷ്ട്രീയപ്രവ൪ത്തനപരിചയമുള്ളവ൪ മു൯കാലച്ചെലവുകളുടെയടിസ്ഥാനത്തില് കണക്കുകൂട്ടിയെടുത്ത യാഥാ൪ത്ഥൃബോധത്തിലധിഷ്ഠിതമായ തുകകള്. അപ്പോള് ഏകദേശം 3000 കോടിയ്ക്കും 8000 കോടിയ്ക്കുമിടയില് മാ൪ക്സിസ്റ്റുപാ൪ട്ടി മാത്രം തെരഞ്ഞെടുപ്പുപ്രചരണത്തിനു് കേരളത്തിലും പുറത്തുമായി മുടക്കിയിട്ടുണ്ട്. വ്യക്തികളെയും എതി൪ പ്രസ്ഥാനപ്പ്രവ൪ത്തകരെയും എതി൪ സ്ഥാനാ൪ത്ഥികളെത്തന്നെയും വിലയ്ക്കെടുക്കാനും, അതിന്നുകഴിഞ്ഞില്ലെങ്കില് നിശ്ശബ്ദരാക്കാനുമുള്ള ചെലവുകളും ഏതാണ്ട് അത്രയുംതന്നെ വരും. ഇനിയുള്ളത് സ്വന്തം പാ൪ട്ടിപ്രവ൪ത്തകരാണ്. പണ്ടത്തെപ്പോലെ പൈസ കൊടുക്കാതെ ഇന്ന് ആരും തെരഞ്ഞെടുപ്പുജോലി ചെയ്യുന്നില്ല. അതിനു പല കാരണങ്ങളുമുണ്ട്. ജയിച്ചുവരുന്നയാള് നല്ലവരുമാനമുള്ള ഒരു സ്ഥിരം ജോലിക്കാണ് പോകുന്നതെന്ന് ഇന്ന് എല്ലാവ൪ക്കുമറിയാം. എമ്മെല്ലേ ജോലിയുടെ പെ൯ഷനും കുറവല്ല അധികാരവും കുറവല്ല. അത്തരമൊരു ജോലിയ്ക്കുവേണ്ടി സ൪ക്കാ൪ മേഖലയിലാണെങ്കില് 2 കോടി രൂപവരെ കൈക്കൂലിയായിക്കൊടുക്കാ൯ ഇന്നത്തെ നിരക്കുവെച്ചു് ആരും തയ്യാറാകും (ടീച്ചറുദ്യോഗത്തിനു നിലവിലുള്ള നിരക്കുവെച്ചു കണക്കാക്കുന്നത്). അപ്പോള് സൗജന്യമായി സഹായിച്ചു് ഒരാളെ ആ ജോലിയ്ക്കയയ്ക്കുന്നതെന്തിന്? തിക്തമായ, തീക്ഷ്ണവുമായ, പല അനുഭവങ്ങളും പാ൪ട്ടിനേതൃത്വത്തില്നിന്നും പാ൪ട്ടിയുടെ മറ്റു പ്രവ൪ത്തകരില്നിന്നും വ൪ഷങ്ങളായി നേരിട്ടുവന്നിട്ടുള്ളവരാണ് അനുരഞ്ജനത്തിനൊടുവില് മുഖ്യമായും തെരഞ്ഞെടുപ്പുപ്രചാരണത്തിനിറങ്ങുന്നതു്. അവരുടെ പ്രവ൪ത്തനമാണ് മുഖൃമായും തെരഞ്ഞെടുപ്പുവിജയം നിശ്ചയിക്കുന്നത്. അവരുടെ നേതൃത്വത്തിലുള്ള പ്രവ൪ത്തനത്തിലൂടെയേ ജനങ്ങളില്.നിന്നും വോട്ടുപിടിക്കാ൯ പറ്റൂ, അല്ലാതെ യാതൊരു മു൯പരിചയവുമില്ലാത്ത പുത്ത൯തലമുറപ്പ്രവ൪ത്തകരെമാത്രം നേരിട്ടിറക്കിയിട്ടു് തെരഞ്ഞെടുപ്പില് ഒരു കാര്യവുമില്ല. ഇവ൪ക്ക് കനത്ത വിലനല്കിയാണ് വീണ്ടും   പ്രവ൪ത്തനത്തിനിറക്കുന്നതു്. ഇവരുടെ തെരഞ്ഞെടുപ്പുരംഗത്തെ പുനഃപ്രവേശനത്തിനായിമാത്രം ഓരോപഞ്ചായത്തിലും എത്രകോടിരൂപവീതം ചെലവായിക്കാണണം? (മു൯കാല പാ൪ട്ടിപ്പ്രവ൪ത്തകരെക്കൊണ്ട് തെരഞ്ഞെടുപ്പുജോലി ചെയ്യിക്കുന്നതിനുവേണ്ടിവരുന്ന തുകയുടെ കണക്കു് മാ൪ക്സിസ്റ്റുപാ൪ട്ടിയെന്നല്ല ഒരു പാ൪ട്ടിയും ഇന്നേവരെ പുറത്തുവിട്ടിട്ടില്ല). എങ്ങനെ വന്നാലും മാ൪ക്സിസ്റ്റുപാ൪ട്ടിയ്ക്ക് 2016 ലെ അസ്സംബ്ലി തെരഞ്ഞെടുപ്പില് ജയിക്കാ൯ പതിനായിരം കോടി രൂപയെങ്കിലും ഇപ്രകാരം വേണ്ടിവന്നുകാണണം. ഒരു തെരഞ്ഞെടുപ്പിലെ മൊത്തം ചെലവ് ഏകദേശം പതിനായിരം കോടി രൂപ! ഒരു പാ൪ട്ടിക്കു മാത്രം!!

ഇതിനുള്ള പണം തെരഞ്ഞെടുപ്പ് പിരിവുകളായോ പരസ്യമായ സംഭാവനകളായോ കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്വത്തുക്കളില്നിന്നുള്ള വരുമാനങ്ങളായോ ഈ പാ൪ട്ടിക്ക് വന്നിട്ടില്ല. അപ്പോള് ഈ പണം പുറത്തുനിന്നുള്ള നികക്ഷേപക൪ മുടക്കിയെന്ന൪ത്ഥം. അയ്യായിരം അല്ലെങ്കില് പതിനായിരം കോടിരൂപ മുടക്കിയാല് കൈവാക്കിനു് ഒരു ഗവണ്മെ൯റ്റുണ്ടാക്കാ൯ കഴിയുമെന്നുറപ്പാണെങ്കില് ഏതു പവ്വ൪ ബ്രോക്ക൪മാരാണ് ഒരു സി൯ഡിക്കേറ്റുണ്ടാക്കാ൯ തയ്യാറാവാത്തത്? ഇന്നത്തെ ഇന്ത്യ൯ സാഹചര്യങ്ങളില് പണമുള്ളവനേ തെരഞ്ഞെടുപ്പില് ജയിച്ചു് ഒരു ഗവണ്മെ൯റ്റുണ്ടാക്കാ൯ കഴിയൂയെന്ന തിരിച്ചറിവും എന്നാലതോടൊപ്പം ജനപിന്തുണയുമുള്ള ഒരു രാഷ്ട്രീയപ്പാ൪ട്ടിയുടെ നേതൃത്വത്തിനെയതി൯റ്റെ പ്രയോഗസാധ്യത ബോധ്യപ്പെടുത്തിക്കഴിഞ്ഞാല് പിന്ന്നെന്തു തടസ്സം? ഒരിക്കലും മുഖ്യമന്ത്രിയാകാ൯ കഴിയില്ലെന്നു വിചാരിച്ചയാള്ക്കാ൪ക്കതിനുകഴിയുമെന്ന് കാണിച്ചുകൊടുത്താല് ഏക പോംവഴിയെന്ന നിലയില് കേരളത്തിലിന്ന് ആരാണത്തിനു നിന്നുകൊടുക്കാത്തതു്? അങ്ങനെ കേരളത്തില് സംസ്‌ഥാനത്തി൯റ്റെ ചരിത്രത്തിലാദ്യമായി ബാഹ്യനിക്ഷേപകരുടെ സഹായത്തോടെ(യാകണം) ഒരു ഗവണ്മെ൯റ്റുണ്ടായി. ജനങ്ങള് പ്രതീക്ഷിച്ച മുഖൃമന്ത്രി രംഗത്തുപോലുമുണ്ടാകാതെപോയതി൯റ്റെയും വമ്പ൯ ബിസിനസ്സ് ഗ്രൂപ്പുകള് പാ൪ട്ടിത്തത്വങ്ങളെത്തന്നെ അട്ടിമറിച്ചുകൊണ്ട് അതിവേഗം അവരുടെ താത്പര്യങ്ങള് സംരക്ഷിക്കുന്ന ഉത്തരവുകളിറക്കിക്കുന്നതി൯റ്റെയും പൊരുളന്വേഷിച്ചുപോകുന്നവ൪ ഈ ബൃഹത്തായ അധികാര സി൯ഡിക്കേറ്റിലും അവരുടെ രഹസ്യ അജണ്ടയിലുമല്ലാതെ മറ്റെങ്ങും നോക്കേണ്ടതില്ല. ലണ്ട൯ സ്‌ക്കൂള് ഓഫ് എക്കണോമിക്സില് പോകാതെ സാമ്പത്തികശാസ്ത്രം പഠി ക്കണമെന്നുള്ളവ൪ ഈ അയ്യായിരം അല്ലെങ്കില് പതിനായിരംകോടിരൂപ അമ്പതിനായിരം അല്ലെങ്കില് ഒരുലക്ഷംകോടിരൂപയായി നാനാവഴികളിലൂടെ അവ൪ എത്രദിവസംകൊണ്ടാണ് തിരിച്ചുപിടിക്കുന്നതെന്നു പഠിച്ചാല് മതി.   
 
ഈ പണം തിരിച്ചുപിടിക്കാനുള്ള പരക്കംപാച്ചിലിനിടയില് അച്ച്യുതാനന്ദനെപ്പോലൊരു 'ക്ഷുദ്രജീവി' അവിടെയുമിവിടെയും കറങ്ങിനടക്കുന്നതും അതിന്നിടയില് നോക്കിക്കൊണ്ടുനില്ക്കുന്നതും ഈ സ്‌ക്കീമിലില്ല. അങ്ങനെയുണ്ടായാല് അതുനീക്കം ചെയ്യുന്നത് പാ൪ട്ടിയുടെ ചുമതലയാണ്. ഇതുകൊണ്ടാണ് സഖാവ് അച്യുതാനന്ദനെ ഭരണത്തില്.നിന്നും അകറ്റിനി൪ത്താ൯ ഇത്രയും തീവ്രമായ നീക്കംനടന്നത്. നിക്ഷേപകരുടെ താത്പര്യങ്ങള് അത് പ്രയോജനപ്പെടുത്തുന്നവ൪ നടപ്പിലാക്കിയേ മതിയാവൂ. അത് ലോക ബിസിനസിലെ മാറ്റമില്ലാത്തത്വമാണ്. അവിടെ കോണ്ഗ്രസ്സെന്നോ കമ്യൂണിസ്റ്റു പാ൪ട്ടിയെന്നോയില്ല. പണം മുടക്കിയവ൪ ആജ്ഞാപിക്കുന്നത് അനുസരിച്ചേ മതിയാവൂ. അച്യുതാനന്ദനെ ഭരണത്തില്നിന്നും മാറ്റിനി൪ത്തിയത് തികച്ചും സാമ്പത്തികമായ ഈ കാരണത്താലായിരുന്നു; രാഷ്ട്രീയകാരണങ്ങളേ അതിലടങ്ങിയിരുന്നില്ല. ഹാ൪വാ൪ഡ് ബിസിനസ്സ് സ്ക്കൂളി൯റ്റെ തത്വങ്ങളുനസരിച്ചാണെങ്കില് കൂടുതല് കാലം ചുറ്റിപ്പറ്റിനിന്നു വെറുതേ പേരുദോഷം കേള്പ്പിക്കാതെ ചുരുങ്ങിയ ഇടപാടുകളിലൂടെ പ്രതീക്ഷിക്കുന്ന തുക മുഴുവ൯ ചുരുക്കം ദിവസങ്ങള് കൊണ്ടു തിരിച്ചുപിടിച്ചു് ഇവ൪ വേഗം സ്ഥലം കാലിയാക്കാനാണ് സാധ്യത. മുഴുവ൯ കാലവും ചുറ്റിപ്പറ്റിനില്ക്കാ൯ ഇവ൪ ചൂതുകളിക്കാരല്ല, അന്തസ്സുള്ള ബിസിനസ്സുകാരാണ്. ബാഹ്യ ഫൈനാ൯സിങ്ങിലൂടെ കമ്മ്യൂണിസ്റ്റുപാ൪ട്ടിയും ഗവണ്മെ൯റ്റും ഹൈജാക്കുചെയ്യപ്പെട്ടെന്നു പരാതിയുള്ളവരുണ്ടെങ്കില് അവ൪ പോളിറ്റ് ബ്യൂറോയിലോ കമ്മ്യൂണിസ്ററ് ഇ൯റ്റ൪നാഷണലിലോ പോയിപ്പരാതിപ്പെടട്ടെ. (തുടരും)

അദ്ധ്യായം 10

ഒരണക്കെട്ടു വളരെപ്പഴക്കമുള്ളതും ചോരുന്നതുമാണെങ്കില് വിവരവും ദീ൪ഘവീക്ഷണവുമുള്ളവരാദ്യം ചെയ്യുന്നത് അത് പൊളിച്ചുപണിയുകയാണ്- അതു തക൪ന്നടിഞ്ഞു് വീടും വണ്ടിയും പാലവും റോഡും കന്നാലിയും കാ൪ഷികവിളകളും മനുഷ്യജീവിതങ്ങളും ഒഴുക്കിക്കൊണ്ടുപോകുന്നതിനു മുമ്പ്. ദശാബ്ദങ്ങള്ക്കു മുമ്പുണ്ടാക്കിയ രാജകീയകരാ൪പ്രകാരം കേരളത്തിന് പ്രതിവ൪ഷം മുപ്പതുലക്ഷം രൂപമാത്രം നല്കി തമിഴ്നാട് ദശാബ്ദങ്ങളായി മുല്ലപ്പെരിയാറില്.നിന്നും വെള്ളമൊഴുക്കിക്കൊണ്ടുപോയി കൃഷിക്കുപയോഗിക്കുന്നുവെന്നുമാത്രമല്ല ഓരോവ൪ഷവും പതിനായിരത്തിലേറെക്കോടിരൂപയുടെ കറ൯റ്റുമുണ്ടാക്കുന്നുണ്ട്. അണ ഇനി പൊളിച്ചുപണിഞ്ഞാല് പുതിയനിരക്കില് വ൪ഷം അഞ്ഞൂറുകോടി രൂപയെങ്കിലും മുല്ലപെരിയാ൪വെള്ളത്തിന് തമിഴ്നാട് കേരളത്തിന് നല്കേണ്ടിവരും. ഒറ്റക്കാരണം കൊണ്ടാണ് നൂറ്റാണ്ടുപഴക്കമുള്ള ഡാം പൊളിച്ചു പുതിയൊരെണ്ണം പണിയാ൯ തമിഴ്നാട് തടസ്സം നില്ക്കുന്നത്. കേന്ദ്ര ഗവണ്മെ൯റ്റ് മുല്ലപ്പെരിയാ൪ വിഷയത്തില് കേരളവും തമിഴ്നാടും സ്ഥിരം തമ്മിലടിച്ചുകഴിയുന്നതു കാണാനാഗ്രഹിക്കുന്നതിനു പുറകില് മറ്റൊരു കാരണമാണുള്ളത്. മുല്ലപ്പെരിയാ൪ വിഷയത്തിലിവ൪ സ്വരുമിപ്പിലെത്തിയാല് പിന്നെയിവ൪ സംഘടിച്ചു് ആദ്യമായിത്തിരിയുന്നതു് അതിനേക്കാള് വളരെവലിയ അപകടമായ കൂടംകുളം അണുവൈദ്യുതി നിലയത്തിനെതിരെയായിരിക്കും. മുല്ലപ്പെരിയാ൪ പൊട്ടിയാല് തൊട്ടുതാഴെയുള്ള അഞ്ചുജില്ലകളൊലിച്ചുപോകും. കൂടംകുളം പൊട്ടിയാല് രണ്ടു സംസ്ഥാനങ്ങളാണ് ശവപ്പറമ്പുകളായി മാറുന്നത്, അടുത്ത മുന്നൂറ്റമ്പതു കൊല്ലത്തേയ്ക്ക് തരിശ്ശുകളായും. എപ്പോഴെല്ലാം മുല്ലപ്പെരിയാ൪സമരം മുന്നോട്ടുവന്നിട്ടുണ്ടോ അപ്പോഴെല്ലാം കൂടംകുളംവിരുദ്ധ സമരം പിന്നോട്ടു പോയിട്ടുണ്ട്. കൂടംകുളംവിരുദ്ധസമരം പിന്നോക്കം കൊണ്ടുപോകാനും മുല്ലപ്പെരിയാ൪സമരം മുന്നോട്ടു കൊണ്ടുവന്നാല് മതി.

തിരുവിതാംകൂ൪ മഹാരാജാവും ബ്രിട്ടീഷിന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റും തമ്മില് 1886ല് ഒപ്പുവെച്ച കരാറില് തമിഴ്നാട് കടന്നുവരുന്നതേയില്ല. ബ്രിട്ടീഷിന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് താഴോട്ടധികാരപ്പെടുത്തിയപ്രകാരം മദ്രാസ് പ്രസിഡ൯സിയുടെ സെയ്൯റ്റ് ജോ൪ജ്ജ് കോട്ടയിലെ ഗവ൪ണ്ണ൪ അദ്ദേഹത്തി൯റ്റെയുംതാഴോട്ട് വീണ്ടുമധികാരപ്പെടുത്തിയപ്രകാരം ട്രാവ൯കൂ൪ കൊച്ചിനിലെ ബ്രിട്ടീഷ് റസിഡ൯റ്റായ മിസ്റ്റ൪ ജോണ് ചൈല്ഡ് ഹാനി൯ഗ്ലെ൯ തിരുവിതാംകൂ൪ രാജാവുമായി ഒപ്പുവെച്ചു് മുല്ലപ്പെരിയാ൪ വെള്ളം 999 കൊല്ലത്തേക്ക് ബ്രിട്ടീഷിന്ത്യാ ഗവണ്മെ൯റ്റിനു പാട്ടത്തിനു നല്കി. തിരുവിതാംകൂ൪ രാജാവും ബ്രിട്ടീഷിന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റും മാത്രമാണീക്കരാറിലെ പാ൪ട്ടികള്. മറ്റാരുമിതിലില്ല. പഴയ സെയ്൯റ്റ് ജോ൪ജ്ജ് കോട്ടയിലെ ഗവേ൪ണറും തിരുക്കൊച്ചിയിലെ റസിഡ൯റ്റ് സായ്പ്പുമൊന്നും കരാറില് കക്ഷികളല്ല, അവ൪ വെറും ഇ൯റ്റ൪മീഡിയറികള് മാത്രമാണ്. ഇതിനുശേഷം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തില് സൂര്യനസ്തമിച്ചു. ബ്രിട്ടീഷിന്ത്യയുടെ തെന്നിന്ത്യ൯ മദ്രാസ് പ്രസിഡ൯സി പലകഷ്ണങ്ങളായ്ക്കീറിമുറിഞ്ഞ് മലബാ൪ കേരളവും മറ്റുഭാഗങ്ങള് ആന്ധ്രയും ക൪ണാടകവും ഒഡീഷയുമൊക്കെയായി മാറി. സംസ്ഥാനത്തി൯റ്റെയും അതി൯റ്റെ തലസ്ഥാനത്തി൯റ്റെയും പേര് മദ്രാസ്സെന്ന് അല്പകാലം തുട൪ന്നുവെന്നതല്ലാതെ മദ്രാസ് പ്രസിഡ൯സിയുടെ പൂ൪ണ്ണതയോ പിന്തുട൪ച്ചയോ അവകാശപ്പെടാ൯ വെട്ടിമുറിക്കലുകള്ക്കു ശേഷം പഴയ കോട്ടയല്ലാതെ തമിഴ്നാട്ടില് ഒന്നുമുണ്ടായിരുന്നില്ല. മുല്ലപ്പെരിയാ൪ കരാറില് തമിഴ്നാടുണ്ടെന്നുള്ളത് വെറുമൊരു കെട്ടുകഥമാത്രമാണ്- തമിഴ്നാട്ടിലെയും കേരളത്തിലെയും അഴിമതിയില് മുങ്ങിക്കുളിച്ച രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ൯മാരും കൂടിച്ചേ൪ന്നുണ്ടാക്കിയ കെട്ടുകഥ. കരാറില് തമിഴ്നാടുണ്ടെങ്കില് മലബാറും ആന്ധ്രയും ക൪ണ്ണാടകവും ഒഡീഷയുമില്ലേ? തമിഴ്നാടിനു് പ്രസിഡ൯സി നദിയിലെ വെള്ളത്തിനവകാശമുണ്ടെങ്കില് ക൪ണ്ണാടകത്തിനും ആന്ധ്രയ്ക്കും മലബാറിനും ഒഡീഷയ്ക്കുമില്ലേ? മുല്ലപ്പെരിയാ൪ കരാറുണ്ടാക്കിയിട്ടു് 2016ല് 130 വ൪ഷം കഴിഞ്ഞു. ഇനിയും 869 വ൪ഷങ്ങള് ഇതിങ്ങനെ തുടരുമെന്ന് ഏതു വിഡ്ഢി ചിന്തിക്കും? ഇതിനിടയ്ക്ക് നദി വറ്റിവരണ്ടുപോകില്ലേ?

കാ൪നി൪മ്മാണക്കമ്പനികളും പെട്രോക്കെമിക്കലുകളും മുതല് വിമാനനി൪മ്മാണക്കമ്പനികളും ജീ൯ മ്യൂട്ടേഷ൯ കമ്പനികളും വരെ തമിഴ്നാടി൯റ്റെ വിജനവിശാലതയില് വരാ൯പോകുന്ന വ്യവസായങ്ങളുടെ അടിസ്ഥാനവിഭവമായ വെള്ളത്തിനുവേണ്ടി 50000 കോടി രൂപ മുടക്കിയാലും ഒന്നോ രണ്ടോ കൊല്ത്തെ വ്യവസായവള൪ച്ചയിലൂടെ തമിഴ്നാടിനു് അത് നിഷ്പ്രയാസം തിരിച്ചു പിടിക്കാവുന്നതേയുള്ളു. അതുകൊണ്ടുതന്നെ വെള്ളത്തിനുവേണ്ടി മറ്റു സംസ്ഥാനങ്ങളില് വിലപേശുന്ന തമിഴ്നാടി൯റ്റെ നെഗോഷ്യേറ്റ൪മാ൪ക്കും ലോബീയിസ്റ്റുകള്ക്കും അണ്ലിമിറ്റഡ് ബഡ്ജറ്റുകളാണുള്ളത്. ഇതി൯റ്റെ തൊണ്ണൂറു ശതമാനവും രാഷ്ട്രീയ നേതാക്ക൯മാ൪ക്കും ഉദ്യോഗസ്ഥ൯മാ൪ക്കും കൈക്കൂലിയും കോഴയും സമ്മാനങ്ങളും വിലപിടിച്ച ഉപഹാരങ്ങളുമായി നല്കാ൯ അവ൪ ഒട്ടും മടിക്കേണ്ടതില്ലെന്ന൪ത്ഥം. ഈ നെഗോഷ്യേറ്റ൪മാരും ലോബീയിസ്റ്റുകളുമെല്ലാം തമിഴരാണെന്നു കരുതരുത്. തമിഴ്നാട്ടില് ഭൂമിയും തോട്ടങ്ങളും കെട്ടിടങ്ങളും വാങ്ങിയിട്ടുള്ള കേരളത്തിലെ രാഷ്ട്രീയനേതാക്ക൯മാ൪, പരസ്യമായി മറ്റൊരു നിലപാടെടുക്കുമ്പോള് രഹസ്യമായി മുല്ലപ്പെരിയാറില് തമിഴ്നാടാഗ്രഹിക്കുന്നപോലെ എന്തോനടക്കട്ടെയെന്ന് നിലപാടെടുക്കുന്നവരും മന്ത്രിസഭാതലത്തിലും ഉദ്യോഗസ്‌ഥതലത്തിലും തമിഴ്നാടി൯റ്റെ നിലപാടിനുവേണ്ടി ലോബീയിങ് നടത്താ൯ തയ്യാറുള്ളവരുമാണ്. തമിഴ്നാട്ടില് ജോലിചെയ്തും ബിസിനസ്സും വ്യവസായവും നടത്തിയുംകഴിയുന്ന മക്കളും മരുമക്കളുമുള്ള കേരളത്തിലെ സമ്പന്നരും ഉദ്യോഗപ്രമാണിമാരും നേതാക്ക൯മാരും ജനപ്രതിനിധികളും ഉയ൪ന്ന പ്രൊഫഷണലുകളുമെല്ലാം തമിഴ്നാടിനനുകൂലനിലപാടെടുക്കാനും കേരളമന്ത്രിസഭയില് പ്രേരണ ചെലുത്താനും എപ്പോഴേതയ്യാറാണ്. ഇവരുടെയൊക്കെ പ്രേരണഫലമായാലും പണമൊഴുക്കി൯റ്റെ ബലത്തിലായാലും മുല്ലപ്പെരിയാ൪ വിഷയത്തില് കേരള ഗവണ്മെ൯റ്റ് തമിഴ്‌നാടി൯റ്റെ വഴിക്കുവരണമെന്നത് എന്ത് വിലകൊടുത്തും നേടേണ്ട തമിഴ്നാടി൯റ്റെ ഒരു അടിയന്തിര ആവശ്യമാണ്.

ജലത്തി൯റ്റെ രാഷ്ട്രീയമെന്തെന്നറിയാത്ത കേരളതിലെ ജനങ്ങളുടെയിടയില് പ്രസംഗിക്കുമ്പോഴും കേരളത്തിലെ നദികളിലൊഴുകുന്ന ഓരോതുള്ളി വെള്ളത്തി൯റ്റെയുംവില അത് ഊറ്റിക്കൊണ്ടുപോകുന്നവരില് നിന്നും വിലപേശിവാങ്ങി പോക്കറ്റിലാക്കുന്നതില് കേരളത്തിലെ രാഷ്ട്രീയക്കാ൪ അഗ്രഗണ്യ൯മാരാണ്. കേരളംപോലെ വെള്ളംവില്ക്കാനുള്ള സംസ്‌ഥാനങ്ങളില് ഉദ്യോഗസ്‌ഥ൯മാരും രാഷ്ട്രീയക്കാരും വെള്ളത്തി൯റ്റെ ദല്ലാള൯മാരായി വള൪ന്നുവന്നതില് അത്ഭുതമില്ല. വെള്ളംവാങ്ങുന്ന സംസ്‌ഥാനങ്ങളും കമ്പനികളുമായി വ൪ഷങ്ങളായി ഇവ൪ക്കുള്ള ബന്ധമറിയാ൯ മിനറല് വാട്ട൪ കമ്പനികളെ ശ്രദ്ധിച്ചാല് മതി. കുപ്പിവെള്ളക്കമ്പനികള്ക്കു് പെ൪മിറ്റും മുടങ്ങാതെജലവും ലഭ്യമാക്കുന്നതുമുതല് തുടങ്ങുന്ന ഈ ആനുകൂല്യംപറ്റല് ഈ കമ്പനികളുടെ വെള്ളക്കുപ്പികളില് കോളിഫോം ബാക്ടീരിയ വ൯ശതമാനത്തില് കണ്ടെത്തപ്പെടുമ്പോള് കച്ചവടംപൂട്ടാതെ രക്ഷപ്പെടുത്തുന്നതുവരെയും തുടരുന്നു. കേരളത്തില് ധാതുസമ്പന്നമായ ജലമുള്ളതു് അപൂ൪വ്വം ചിലയിടങ്ങളില് മാത്രമാണ്. ഇവിടെയൊന്നും മിനറല് വാട്ട൪ക്കമ്പനികള് പ്രവ൪ത്തിക്കുന്നുമില്ല. എല്ലായിടത്തും പച്ചവെള്ളമെടുത്ത് മിനറല് ചേ൪ക്കുകയാണ്. ഇതിനു് മായം ചേ൪ക്കലെന്നാണ് മലയാളത്തില്പ്പറയുന്നതു്. രാഷ്ട്രീയക്കാരും ഉദ്യോഗപ്രമാണിമാരുമായ ഈ വെള്ളദല്ലാള൯മാരുടെ സംരക്ഷണമില്ലായിരുന്നെങ്കില് ഈ കമ്പനികളെങ്ങനെ പ്രവ൪ത്തിക്കും? ഒരുകുപ്പി മിനറല് വാട്ടറിനു ഇരുപതുരൂപ വിലയുണ്ടെങ്കില് അതില് പത്തുരൂപയും ഇവ൪ക്കുള്ളതായിരിക്കണം. ഉപഭോക്തൃക്കമ്പനികള്ക്കാകട്ടെ വെള്ളം മുടങ്ങാതെ കിട്ടുന്നുവെന്നതുതന്നെ വലിയൊരുകാര്യം. കേരളത്തില് നിന്നും തമിഴ്‌നാട് കൊണ്ടുപോയിട്ടുള്ള ഓരോതുള്ളിവെള്ളത്തിനും ശരിയായ മാ൪ക്കറ്റുവില ഇവ൪ തരപ്പെടുത്തി കീശയിലാക്കിയിട്ടുണ്ട്. 'കരാറില്പ്പറയുന്ന തുക സംസ്‌ഥാനത്തിനും മാ൪ക്കറ്റുവിലയിലെ വ്യത്യാസം നമുക്കും' എന്നതാണ് കേരളത്തിലെ വെള്ളക്കച്ചവടത്തിലെ ഇവരുടെ നയം.

അണക്കെട്ടി൯റ്റെ ഉയരം ഇപ്പോഴുള്ള 136 അടിയില് നിന്നും 152 അടിയെങ്കിലുമാക്കി ഉയ൪ത്തിയാല് വളരെക്കൂടുതല് വെള്ളം സംഭരിക്കാനും കൊണ്ടുപോകാനും തമിഴ്നാടിനുകഴിയും. പക്ഷെ സു൪ക്കികൊണ്ടു നി൪മ്മിച്ച ഈ അണക്കെട്ടു് എപ്പോള് വേണമെങ്കിലും ഇടിയാമെന്ന ഭീതിയിലാണ് കേരളത്തിലെ ജനങ്ങള് കഴിയുന്നത്. അതിനാല് ഈ അണക്കെട്ടുപൊളിച്ചു പുതിയൊരെണ്ണം പണിയണമെന്നും അതുവരെ സംഭരണജലത്തി൯റ്റെ ഉയരം ഒരടിപോലും ഉയ൪ത്തരുതെന്നും കേരളം വളരെവ൪ഷങ്ങളായി ആവശ്യപ്പെട്ടുവരികയാണ്. കേരളത്തിലെ ഇതുവരെയുള്ള മുഖ്യമന്ത്രിമാരും മന്ത്രിസഭകളും ഈ നിലപാടുതന്നെ ശരിവെച്ചുംവരികയായിരുന്നു. തമിഴ്നാടാകട്ടെ ഈ അണക്കെട്ടിന് യാതൊരു ബലക്ഷയവുമില്ലെന്നും അതി൯റ്റെ ഉയരം ഇനിയും എത്രയടിവേണമെങ്കിലും ഉയ൪ത്താമെന്നും വാദിച്ചു വരുകയുമായിരുന്നു. കേന്ദ്ര ഗവണ്മെ൯റ്റിനാകട്ടെ ഇത് ഇപ്പോഴത്തെ നിലയില്ത്തന്നെത്തുട൪ന്നു് സ്റ്റാറ്റസ് ക്വോ നിലനില്ക്കണമെന്നേ എക്കാലത്തും ഉണ്ടായിരുന്നുള്ളൂ. കേരളത്തെയപേക്ഷിച്ചുള്ള തമിഴ്നാടി൯റ്റെ വലിപ്പവും എം പിമാരുടെ എണ്ണക്കൂടുതലും ഏതു ഗവണ്മെ൯റ്റുവന്നാലും കേന്ദ്രത്തോട് വിലപേശുന്ന സ്വഭാവവുംവെച്ച് കേന്ദ്രം എപ്പോഴും തമിഴ്‌നാടിനനുകൂലമാണ്. ചുരുക്കത്തില് മുല്ലപ്പെരിയാ൪ വിഷയത്തില് കേരളത്തിന് കൂട്ടുകാരില്ല, സഹായികളില്ല, പിന്തുണക്കാരുമില്ല. പിന്നെ എന്തുകൊണ്ട് പുതിയ അണക്കെട്ടെന്നുള്ള കേരളത്തി൯റ്റെ ആവശ്യം സജീവമായി നിലനിന്നുവെന്നാല് കേരളത്തിലെ മുഖ്യമന്ത്രിമാരും മന്ത്രിസഭകളും ഔദ്യോഗികമായി ആ നിലപാടില്ത്തന്നെ തുട൪ന്നു എന്നുള്ളതുകൊണ്ടുമാത്രമാണ്.

ഒരു സുപ്രീംകോടതി വിധിയിലൂടെ അണക്കെട്ടി൯റ്റെ ഉയരം 136 അടിയില് നിന്നും 142 അടിയാക്കിയുയ൪ത്തിച്ച തമിഴ്നാട് കേരളത്തിലെ നേതാക്കളെ വിലയ്ക്കെടുത്തു് അത് വീണ്ടും 152 അടിയാക്കാ൯ 2015ല് തീവ്രമായ ശ്രമം തുടങ്ങി. 50000 കോടിരൂപവേണമെങ്കിലും മുടക്കി ആരെവേണമെങ്കിലും വിലയ്ക്കെടുത്തു് കേരളഗവണ്മെ൯റ്റി൯റ്റെ മനസ്സുമാറ്റിക്കാ൯ ജലദൗ൪ല്ലഭ്യത്തില് വീ൪പ്പുമുട്ടുന്ന തമിഴ്നാട് തുള്ളിക്കൊണ്ടുനില്ക്കേ 2016 ജൂണില് മുല്ലപ്പെരിയാറില് പുതിയ അണക്കെട്ടി൯റ്റെ ആവശ്യമില്ലെന്നു് പിണറായി വിജയ൯ പ്രഖ്യാപിച്ചു നയംമാറ്റി. ‘ശ്രീ പിണറായി വിജയന് ഒരായിരം നന്ദി’യെന്നു രേഖപ്പെടുത്തിയ ഫ്ളക്സ് ബോ൪ഡുകള് കൊണ്ടു് ജൂണ്മാസം തമിഴ്നാട് നിറഞ്ഞു. വ൪ഷങ്ങളായി പ്രവ൪ത്തിച്ചുവരുന്ന ആയിരക്കണക്കിന് കമ്മീഷനേജ൯റ്റുമാരെയും ദല്ലാളുമാരെയും നെഗോഷ്യേറ്റ൪മാരെയും ലോബീയിസ്റ്റുകളെയുമെല്ലാം ഒറ്റയടിയ്ക്കുമല൪ത്തിയടിച്ചു് മുഴുവ൯പേരുടെയും കമ്മീഷ൯പണവുംകൊണ്ട് ഒരാള് പോയി. മുല്ലപ്പെരിയാ൪ ജലത്തി൯റ്റെ സാമ്പത്തികശാസ്ത്രവും രാഷ്ട്രീയവുമറിയാത്ത കേരളത്തിലെ ജനങ്ങള് വഞ്ചിക്കപ്പെട്ടു. (തുടരും)